ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെസിവേണുഗോപാല്‍. സംഘടനാച്ചുമതലയുള്ളതിനാലാണ് മല്‍സരരംഗത്തുനിന്നും മാറി നില്‍ക്കുന്നതെന്ന് വേണുഗോപാല്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയും സുപ്രധാനമായ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലിരുന്നുകൊണ്ട് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് നീതികേടാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ലോക് സഭാതെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എ യായ എഎം ആരിഫിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതോടെ കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മല്‍സരിച്ചേക്കില്ലെന്നു പ്രചാരണമുണ്ടായിരുന്നു.ആരിഫിനു നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്നും മാറി വയനാട് പോലെ ഉറപ്പുള്ള മണ്ഡലത്തിലേക്ക് കെസി വേണുഗോപാലിനെ മല്‍സരിപ്പിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ ഭാരിച്ച സംഘടനാച്ചുമതലകളില്‍നിന്നും വിട്ടുനില്‍ക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാല്‍ തന്നെ പറയുമ്പോള്‍ അത് ഒരു നിര്‍ണ്ണായക തീരുമാനം കൂടിയാണ്.വേണുഗോപാല്‍ പിന്‍മാറിയതോടെ ഇനി പിസി വിഷ്ണുനാഥിനായിരിക്കും അവസരമെന്നു സൂചനകളുണ്ട്.