ദില്ലി:മല്‍സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളൊന്നടങ്കം നിലപാടെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക വൈകും. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിംങ് കമ്മിറ്റി യോഗം ദില്ലിയില്‍ ചേരുകയാണ്. നാളെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗവും ചേരും. നേതാക്കള്‍ മല്‍സരിക്കില്ലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍,കെ.സുധാകരന്‍ എന്നിവര്‍ മല്‍സരിക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. വടകരയില്‍ പി ജയരാജനെതിരെ മല്‍സരിക്കാന്‍ മുല്ലപ്പള്ളി എത്താത്ത സാഹചര്യത്തില്‍ പകരം ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് കണ്ടെത്തേണ്ടിവരും. ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ മല്‍സരിക്കില്ലെന്നതിനാല്‍ അടൂര്‍ പ്രകാശിന് നറുക്കു വീഴാന്‍ സാധ്യതയുണ്ട്.