കോട്ടയം:പിജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് കോട്ടയത്ത് തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി കെഎം മാണി.ഒരു പകല്‍ മുഴുവന്‍ കൂട്ടിയും കിഴിച്ചും നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി വൈകി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന വിവരം പുറത്തുവിട്ടത്.ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍. ഇതോടെ കോട്ടയത്ത് മല്‍സരിക്കാനുറച്ച പിജെ ജോസഫിന് മാണി നല്‍കിയത് കനത്ത തിരിച്ചടിയാണ്.വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തൊടുപുഴയിലെ ഒരു വീട്ടില്‍ പിജെ ജോസഫ് വിഭാഗം രഹസ്യ യോഗം ചേര്‍ന്നിരിക്കുകയാണ്.മോന്‍സ് ജോസഫും ഇടുക്കിയിലെ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.