മലപ്പുറം:മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഇന്നലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നേതാക്കള്‍ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്.എന്നാല്‍ ഹോട്ടലില്‍ വച്ച് നേതാക്കള്‍ യാദൃശ്ചികമായി കണ്ടതാണെന്നാണ് മുസ്‌ളീം ലീഗിന്റെ വിശദീകരണം.
ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.ബെന്നി ബഹനാന്‍ കുടിക്കാഴ്ചയില്‍ പങ്കെടുത്തെന്നത് ശരിയല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അതേസമയം മുസ്‌ളീം ലീഗുമായി കൂടിക്കാഴ്ച നടത്തിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.രഹസ്യ ചര്‍ച്ചയായിരുന്നില്ല.എന്നാല്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്തു.ബെന്നി ബഹനാന്‍ ഉണ്ടായിരുന്നില്ലെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.