കൊച്ചി:മറ്റു പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്ന് തെറ്റിദ്ധാരണ പരത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നാടകം.ശശിതരുര്‍ എംപിയുടെ ബന്ധുക്കളെ രംഗത്തിറക്കിയാണ് ശ്രീധരന്‍പിള്ള പുതിയ തന്ത്രം പയറ്റി നോക്കിയത്.നേരത്തേ തന്നെ ബിജെപി അനുഭാവികളായ തരൂരിന്റെ ബന്ധുക്കളെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ക്ഷണിച്ചുവരുത്തിയാണ് ‘അംഗത്വം’ നല്‍കിയത്.ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.
ശശി തരൂരിന്റെ ചെറിയമ്മ ശോഭന,ഭര്‍ത്താവ് ശശികുമാര്‍ അടക്കം 10 പേര്‍ ബിജെപി അംഗത്വമെടുത്തെന്നായിരുന്നു പ്രഖ്യാപനം. തരൂരിന്റെ ചെറിയമ്മ ശോഭനയും ഭര്‍ത്താവും ശ്രീധരന്‍പിള്ളയില്‍ നിന്ന് അംഗത്വം കൈപ്പറ്റുകയും ചെയ്തു.എന്നാല്‍ പരിപാടിക്ക് ശേഷം മാധ്യമങ്ങള്‍ ഇവരുടെ പ്രതികരണം ആരാഞ്ഞപ്പോഴാണ് എല്ലാവരും ഒഴിഞ്ഞുമാറിയതും പെട്ടെന്ന് വേദിയില്‍ നിന്ന് മടങ്ങുകയും ചെയ്തത്.
പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച പദ്മജയാണ് തങ്ങളെ വേദിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞത്. നേരത്തെ തന്നെ ബിജെപി അനുഭാവികളായ തങ്ങളെവെച്ച് എന്തിനാണ് ഇപ്പോള്‍ പരിപാടി നടത്തിയതെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. യോഗത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അമ്മയെ ചടങ്ങിന് വിളിച്ചതെന്ന് ശശി തരൂരിന്റെ ചെറിയമ്മ ശോഭനയുടെ മകന്‍ ശരത് പറഞ്ഞു . സംഭവത്തില്‍ അമ്മയ്ക്ക് നിരാശയുണ്ടെന്നും ബിജെപിയുടേത് തരം താണ പ്രവൃത്തിയാണെന്നും ശരത് പറഞ്ഞു.
എന്നാല്‍ ഇനിയും കെ പി സി സി അംഗങ്ങള്‍ അടക്കം പാര്‍ട്ടിയിലേക്ക് വരുമെന്നും വരുന്നവരുടെ പേര് പറഞ്ഞാല്‍ വരവ് ബ്ലോക്കായി പോകുമെന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.