തിരുവനന്തപുരം:കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്പട്ടിക ഇന്നു പ്രഖ്യാപിക്കും.ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തിനു ശേഷം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം ലഭിക്കും.ഉമ്മന്‍ചാണ്ടി,കെസിവേണുഗോപാല്‍ എന്നിവര്‍ മല്‍സരിക്കുന്ന കാര്യത്തിലും രാഹുല്‍ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയത്.കെ സി വേണുഗോപാല്‍ മാറി നില്ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും അടൂര്‍ പ്രകാശിനേയും പരിഗണിക്കുന്നുണ്ട്.എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ നിര്‍ത്താതെ ഹൈബി ഈഡനെ മല്‍സരിപ്പിക്കാനാണ് സാധ്യത.തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനും ആലത്തൂരില്‍ രമ്യ ഹരിദാസും ചാലക്കുടിയില്‍ ബെന്നി ബെഹനാനും മത്സരിക്കുമെന്നാണ് സൂചന.വേണുഗോപാല്‍ മല്സരത്തിനിറങ്ങുകയാണെങ്കില് അത് വയനാടായിരിക്കുമെന്നത് ഉറപ്പാണ്.