പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു.64 വയസ്സായിരുന്നു. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ദീര്‍ഘ നാളുകളായി പരീക്കര്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണ ഗോവയുടെ മുഖ്യമന്ത്രിയായ പരീക്കര്‍ നരേന്ദ്രമോദി മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു.
1955-ല്‍ ഗോവയിലെ ബ്രാഹ്മണ കുടുംബത്തിലാണ് മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍ ജനിച്ചത്.കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസില്‍ ആകൃഷ്ടനായ അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകും മുമ്പ് ആര്‍എസ്എസിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു. മുംബൈ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കില്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ പരീക്കര്‍ പഠനത്തിനൊപ്പം സംഘടനാപ്രവര്‍ത്തനങ്ങളിലും സജീവമായി.
അയോധ്യയിലെ സംഘപരിവാര്‍ നീക്കങ്ങളില്‍ പങ്കാളിയായ പരീക്കര്‍ 1994ല്‍ ആദ്യമായി എംഎല്‍എയായി.99 ല്‍ പ്രതിപക്ഷനേതാവായി.2000 മുതല്‍ 2005 വരെ ഗോവ മുഖ്യമന്ത്രി.അടുത്ത ഊഴത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന പരീക്കര്‍ 2012-ല്‍ വീണ്ടും ഗോവയുടെ മുഖ്യമന്ത്രിയായി.
എന്നാല്‍ മിടുക്കനായ മുഖ്യമന്ത്രിയെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിലേക്കു ക്ഷണിച്ചു.കേന്ദ്ര പ്രതിരോധമന്ത്രിയെന്ന സുപ്രധാന പദവിയാണ് മോദി പരീക്കര്‍ക്ക് നല്‍കിയത്.തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍നിന്നും പരീക്കര്‍ രാജ്യസഭയിലെത്തി.എന്നാല്‍ മൂന്നുവര്ഷമായപ്പോള് കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പരീക്കര്‍ തിരികെ ഗോവയിലെത്തുകയായിരുന്നു.മുഖ്യമന്ത്രിയായി അധികാരമേറ്റ് കുറച്ചുനാള്‍ പിന്നിട്ടപ്പോഴേക്കും രോഗം അദ്ദേഹത്തെ കീഴടക്കിയിരുന്നു.ചികില്‍സയിലായിരുന്ന അദ്ദേഹം ഡിസംബറില്‍ തിരികെയെത്തിയെങ്കിലും വീണ്ടും ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ചികില്‍സ തുടരുകയായിരുന്നു.
രോഗത്തിന്റെ ഗുരുതരാവസ്ഥയിലും പരീക്കര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ഗോവയില്‍ ഭരണ പ്രതിസന്ധിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹം തിരിച്ചെത്തിയത്.പരീക്കറുടെ നില ഗുരുതരമായതോടെ ബിജെപി പുതിയ മുഖ്യമന്ത്രിയെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.
.