ദില്ലി:മറ്റു പാര്‍ട്ടികള്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നേറിയിട്ടും കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കാതെ ബിജെപി.ഇന്നലെ പ്രഖ്യാപനമുണ്ടാകുമെന്നറിയിച്ചെങ്കിലും ഹോളിയായതിനാല്‍ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ പിസ് ശ്രീധരന്‍പിള്ള പറഞ്ഞത്.എന്നാല്‍ ഇന്നും ഹോളിയുടെ കാരണം പറഞ്ഞാണ് പ്രഖ്യാപനം മാറ്റിയിരിക്കുന്നത്.ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല.
ശബരിമല വിഷയമുള്‍പ്പെടെ സംസ്ഥാനത്ത് ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ അനുകൂല ഘടകങ്ങളുള്ളപ്പോള്‍ സ്ഥാനാര്‍ത്ഥിത്തര്‍ക്കങ്ങളും പട്ടിക പുറത്തിറക്കാത്തതും അണികളെ നിരാശരാക്കിയിട്ടുണ്ട്. പ്രചരണം തുടങ്ങാനാവാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ത്ഥിത്വം മാത്രമാണ് ഉറപ്പായതും പ്രചരണം തുടങ്ങിയതും.ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായെന്നു പറയുമ്പോഴും തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ലെന്നാണറിയുന്നത്.
പത്തനംതിട്ട സീറ്റിനായി നടന്ന പിടിവലി അവസാനിപ്പിച്ച് കെ.സുരേന്ദ്രനെ കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍. ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ലെന്നും പറയുന്നു.എന്നാല്‍ ആര് മല്‍സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ശ്രീധരന്‍പിള്ള ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
രണ്ടാഴ്ച്ചയിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.പത്തനംതിട്ടയ്ക്കായി പിടിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രനേതൃത്വം മെരുക്കി എറണാകുളം നല്‍കിയെന്നാണറിയുന്നത്.അതുപോലെ പാലക്കാടിനായി വാശിപിടിച്ച ശോഭസുരേന്ദ്രന് ആറ്റിങ്ങല്‍ നല്‍കി അനുനയിപ്പിച്ചതായുമാണ് വിവരം.പാലക്കാട് സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും.വയനാട്,ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര,ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി.