തിരുവനന്തപുരത്തു രാഷ്ട്രീയ പോരാട്ടം മുറുകുന്നു .യു ഡി എഫിന്റെ ശശി തരൂർ ,എൽ ഡി എഫിന്റെ സി ദിവാകരൻ ,എൻ ഡി എയുടെ കുമ്മനം രാജശേഖരൻ തുടങ്ങിവരാണ് തിരഞ്ഞെടുപ്പ് ഗോദയിൽ . മണ്ഡലത്തിൽ മൂന്നാം തവണ ജനവിധി തേടുന്ന ശശി തരൂർ മണ്ഡലത്തെ സംബന്ധിച്ച് ആമുഖങ്ങൾ ആവശ്യമില്ലാത്ത സ്ഥാനാർത്ഥിയാണ് .വളരെ നേരത്തെ തന്നെ പ്രചാരണം തുടങ്ങാനും തരൂരിനായി .ഭാര്യയുടെ മരണം സംബന്ധിച്ച ആവ്യൂഹങ്ങൾക്കിടയിലൂടെയാണ് തരൂർ രണ്ടാമതും വിജയിക്കുന്നത്.അന്ന് ബി ജെ പി സ്ഥാനാർഥി ഒ. രാജഗോപാൽ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.2009 ൽ ആദ്യ തവണ ഒരു ലക്ഷത്തിനടുത്തു ഭൂരിപക്ഷമുണ്ടായിരുന്ന തരൂരിന് 2014 ൽ രണ്ടാം തവണ പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായി കുറഞ്ഞു .പക്ഷെ അന്നത്തെ സാഹചര്യമല്ല ഇന്ന് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .ഭാര്യയുടെ ദുരൂഹ മരണം ,ശക്തമായ മോഡി തരംഗം എന്നിവയെ അതിജീവിച്ചായിരിന്നു ആ വിജയം.എൽ ഡി എഫ് സ്ഥാനാര്ഥിയെക്കാൾ വോട്ടു കൂടുതൽ നേടി ബി ജെ പി രണ്ടാമതെത്തിയതാണ് കഴിഞ്ഞ തവണത്തെ ശ്രദ്ധേയമായ മാറ്റം.പേയ്‌മെന്റ് സീറ്റു വിവാദമാണ് തിരഞ്ഞെടുപ്പുകഴിഞ്ഞയുടനെ സി പി ഐയെ പിടിച്ചു കുലുക്കിയത് .ബെന്നറ്റ് എബ്രഹാമിൽ നിന്നും പണം വാങ്ങി സീറ്റുകൊടുത്തതിന്റെ പേരിൽ സി ദിവാകരനെതിതിരെ സി പി ഐ അച്ചടക്കനടപടി കൈക്കൊണ്ടു .ആ സി ദിവാകരനെ തന്നെയാണ് എൽ ഡി എഫ് സ്ഥാനാർഥിയായി സി പി ഐ തിരുവനന്തപുരത്തു മത്സരിപ്പിക്കുന്നത്‌. ബി ജെ പിയിലേക്ക് പോകുമായിരുന്ന ഈഴവ വോട്ടുകൾ ഒരു പരിധി വരെ പിടിച്ചുനിർത്താൻ ദിവാകരനാകും എന്ന് കരുതപ്പെടുന്നു .സംഘടനാ രംഗത്തെ പ്രവർത്തന പരിചയമാണ് ദിവാകരന്റെ മുതൽക്കൂട്ട് .ബി ജെ പി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെത്തുമ്പോൾ പ്രവർത്തകർക്ക് പ്രതീക്ഷകൾ വാനോളമാണ്.കഴിഞ്ഞ തവണത്തേക്കാളും മികവ് ഇത്തവണ കുമ്മനത്തിലൂടെ അവർ പ്രതീക്ഷിക്കുന്നു .ശബരിമല വിഷയം തന്നെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് തിരുവനന്തപുരത്തു ബി ജെ പി നടത്തുന്നത് .