പാലക്കാട്:ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നുവെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി .പ്രസവത്തെത്തുടര്‍ന്ന് യുവതി ചികില്‍സയില്‍കഴിയുന്ന ആശുപത്രിയില്‍ മജിസ്ട്രേറ്റ് നേരിട്ടെത്തി രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രത്യേകം സൗകര്യങ്ങള്‍ സജ്ജീകരിച്ചാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ പാര്‍ട്ടിയല്ല പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ബലാത്സംഗത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു. അതേസമയം നവജാതശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചികില്‍സ കഴിയുമ്പോള്‍ യുവതിയെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.വഴിയില്‍ ഉറുമ്പരിച്ചുകിടന്ന കുഞ്ഞ് ഇപ്പോഴും ഐ.സി.യുവില്‍ ചികിത്സയിലാണ്.