ദില്ലി:ഒടുവില്‍ ബിജെപി പത്തനംതിട്ട സീറ്റില്‍ തീരുമാനമായത്.കെ.സുരേന്ദ്രനെ ഔദ്യോഗികമായി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.അല്‍പ്പസമയം മുന്‍പ് ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്.ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റിലെയും പ്രഖ്യാപനം നടന്നു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചത്. കെ.സുരേന്ദ്രനും ശ്രീധരന്‍പിള്ളയും തമ്മിലായിരുന്നു പത്തനംതിട്ടയ്ക്കായി കൂടുതല്‍ പിടിവലി നടത്തിയത്. ആര്‍എസ്എസ് പിന്‍തുണ സുരേന്ദ്രനായിരുന്നു. ശബരിമലയില്‍ പ്രതിഷേധ സമരം നയിച്ച് ജയില്‍ വാസമനുഭവിച്ച സുരേന്ദ്രനൊപ്പം പത്തനംതിട്ടയിലെ ജനങ്ങളുണ്ടാവുമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍. പത്തനംതിട്ടയിലെ സ്ഥാനാത്ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം എത്തിയത്.
അതേസമയം തൃശ്ശൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.മല്‍സരിക്കണമെങ്കില്‍ ചില ഉപാധികള്‍ അംഗീകരിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. തൃശൂരില്‍ മല്‍സരിച്ച് പരാജയപ്പെട്ടാല്‍ രാജ്യസഭാസീറ്റ് നല്‍കണമെന്നാണ് തുഷാറിന്റെ ഉപാധിയെന്നാണ് സൂചന.