കൊച്ചി:ന്യൂസിലാന്റില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോയി.കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ ചേരമാന്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

ന്യൂസിലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരുന്ന അന്‍സി ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് അബ്ദുള്‍ നാസറിനൊപ്പം ന്യൂസിലന്‍ഡിലേക്കു പോയത്.ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് അബ്ദുള്‍ നാസര്‍ ജോലി ചെയ്തിരുന്നത്. സംഭവദിവസം പള്ളിയിലെത്തിയ അന്‍സി അക്രമിയുടെ വെടിയേറ്റു വീഴുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ് അന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ തലനാരിഴയ്ക്ക് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സി അലിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.