പാലക്കാട്:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാരോപിച്ച് ദീപ നിശാന്തിനെതിരെ അനില്‍ അക്കരയുടെ പരാതി.ഫേസ്ബുക്ക് പോസ്റ്റിലൂടെ രമ്യയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനില്‍ അക്കര തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യാ ഹരിദാസിനെതിരെ രംഗത്തെത്തിയത്. പാട്ടുപാടിയും മറ്റും പ്രചരണം നടത്തുന്ന രമ്യയുടെ ശൈലിയെ വിമര്‍ശിച്ചാണ് ദീപയുടെ പോസ്റ്റ്. ‘സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു,ഡാന്‍സ് കളിക്കുന്നു ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്,ഐഡിയ സ്റ്റാര്‍സിങ്ങര്‍ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്’ എന്നിങ്ങനെ സ്ഥാനാര്‍ത്ഥി ഏത് വിഭാഗത്തില്‍പെട്ട ആളാണെന്ന് കൂടുതല്‍ വ്യക്തമാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ച് ദീപ നിശാന്ത് രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാണ് അനില്‍ അക്കര പരാതിയില്‍ ആരോപിക്കുന്നത്.
ദീപ നിശാന്തിന്റെ പരാമര്‍ശങ്ങള്‍ എതിര് സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വോട്ട് നേടിക്കൊടുക്കുന്നതിന് സഹായിക്കുമെന്നും അനില്‍ അക്കര പറയുന്നു.ദീപ നിശാന്തിന്റെ പോസ്റ്റിനു മറുപടിയുമായി രമ്യയും രംഗത്തെത്തിയിരുന്നു.സോഷ്യല്‍ മീഡിയയില്‍ ദീപയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണുണ്ടായത്.