മുംബൈ: ഇന്ത്യ ആദ്യമായി ആഥിത്യം വഹിച്ച ലോകകപ്പിന്റെ കലാശപ്പോരില്‍ രണ്ടു യൂറോപ്യന്‍ ശക്തികള്‍ കിരീടത്തിനായി പോരാടും. അണ്ടര്‍-17 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മലിയെ പരാജയപ്പെടുത്തി സ്പെയിൻ കപ്പ് ചുണ്ടിനോട് കൂടുതൽ അടുപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്കാണു സ്പൈനിന്റെ വിജയം. ആബേല്‍ റൂയിസിന്റെ ഇരട്ടഗോളിലൂടെയാണ് സ്പാനിഷ് പട ഫൈനലിലെത്തിയത്. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാണ് റൂയിസ് ഗോള്‍പട്ടിക തുറന്നത്. ആദ്യ പകുതി അവസാനിക്കും മുമ്പ് റൂയിസ് രണ്ടാം ഗോളും നേടി. സീസര്‍ ഗെലാബെര്‍ട്ടിന്റെ പാസില്‍ നിന്ന് ബോക്സിന്റെ വലത് മൂലയില്‍ നിന്നാണ് റൂയിസ് പന്ത് വലയിലേക്കെത്തിച്ചത്. ഫെറാന്‍ ടോറസ്സാണ് സ്പെയിനിന്റെ മൂന്നാം ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിന്റെ ക്രോസ് പാസില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ടോറസ്സന്റെ ഗോള്‍. 74-ാം മിനിറ്റില്‍ ലസ്സാനയിലൂടെയായിരുന്നു മലിയുടെ ആശ്വാസ ഗോള്‍. സ്പെയിനിന്റെ കൃത്യതയാര്‍ന്ന ടിക്കി-ടാക്ക പാസില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാര്ക്ക് പിടിച്ച് നില്ക്കാനായില്ല. ഇതിനിടയിലും ബോള്‍ പൊസിഷനില്‍ സ്പെയിനൊപ്പം നില്‍ക്കാനും ഇടയ്ക്കിടെ എതിര് പോസ്റ്റില്‍ ഭീഷണികള്‍ ഉയര്‍ത്താനും മലിക്ക് കഴിഞ്ഞു.
അതെ സമയം ബ്രസീൽ ഇംഗ്ലണ്ട് മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിരുന്നു. ഇതോടു കൂടി ഞായറാഴ്ച നടക്കുന്ന ഫൈനൽ യൂറോപ്പ്യൻ ശക്തികളുടെ പോരാട്ടമായി മാറി. ശനിയാഴ്ച നടക്കുന്ന മൂന്നാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ബ്രസീൽ മലിയെ നേരിടും.