കോഴിക്കോട്:രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. മല്‍സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചതെന്നും വയനാടിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട് മാറ്റം.
രാഹുല്‍ ഗാന്ധി ഒരിക്കലും രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്ന കാര്യം പോലും തീരുമാനിച്ചിട്ടില്ല.മുമ്പ് അദ്ദേഹം രണ്ട് സീറ്റില്‍ മത്സരിച്ചിട്ടില്ല. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം രാഹുല്‍ മല്‍സരിച്ചേക്കുമെന്ന രീതിയില്‍ ആദ്യം മാധ്യമങ്ങളോട് സംസാരിച്ച ഉമ്മന്‍ചാണ്ടി ഇപ്പോള്‍ കടകം തിരിഞ്ഞത് രാഹുല്‍ വയനാട്ടിലേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.സ്ഥാനാര്‍ത്ഥിയായി പ്രചരണം തുടങ്ങിയ ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നു പറഞ്ഞ നേതാക്കളാണ് ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുന്നത്. ശരിക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയൊരു കുരുക്കിലകപ്പെട്ടിരിക്കുകയാണ്. രാഹുലിന്റെ തീരുമാനം വൈകുന്തോറും വയനാട്ടില്‍ പ്രചരണം പോലും തുടങ്ങാനാവാതെ നേതാക്കള്‍ മനം മടുത്തിരിക്കുകയാണ്.ഇന്നുമുതല്‍ പത്രിക സമര്‍പ്പണം തുടങ്ങുകയാണ്.എന്നിട്ടും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെപ്പോലും നിശ്ചയിക്കാനാവാതെ രാഷ്ട്രീയപ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.
രാഹുല്‍ കേരളത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്ന കാര്യത്തില്‍ യുപിഎ ഘടകകക്ഷികളടക്കം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.