കഡപ്പ:തെരഞ്ഞെടുപ്പുകാലത്ത് വിവാദ വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. 2009-ല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മരണാനന്തരം മകന് ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രി പദവിക്കായി 1500 കോടി വാഗ്ദാനം ചെയ്തെന്നാണ് ഫറൂഖ് അബ്ദുള്ളയുടെ ആരോപണം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് ഫറൂഖ് അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍. ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കടപ്പയില്‍ പ്രചാരണത്തിനിടെ ഫറൂഖ് അബ്ദുള്ള നടത്തിയ ആരോപണം ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കും.
‘2009-ല്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം മകന് ജഗന് ദില്ലിയിലെ എന്റെ വീട്ടില്‍ വന്നു.മുഖ്യമന്ത്രി പദവി കിട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയിരത്തി അഞ്ഞൂറ് കോടി നല്കാന് ഞാന്‍ തയ്യാറാണ് എന്ന് അയാള്‍ പറഞ്ഞു’.ഫറൂഖ് അബ്ദുള്ള പറയുന്നു.
ആരോപണം നിഷേധിച്ച് കോണ്‍ഗ്രസും വൈഎസ് ആര് കോണ്‍ഗ്രസും രംഗത്തെത്തി.ഹൈക്കമാന്റിന് പണം കൊടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതവുമെന്നു പ്രതികരിച്ച പ്രതികരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആന്ധ്രയില്‍ ജഗന്മോഹന് റെഡ്ഡിക്കെതിരെ പ്രമുഖരെ അണിനിരത്തി ശക്തമായ പ്രചരണമാണ് തെലുങ്കുദേശം പാര്‍ട്ടി നടത്തുന്നത്.മമതാ ബാനര്‍ജി,അരവിന്ദ് കെജ്രിവാള്, എച്ച് ഡി ദേവഗൗഡ എന്നിവര്‍ ചന്ദ്രബാബുനായിഡുവിന്റെ പാര്‍ട്ടിക്കായി പ്രചരണത്തിനെത്തും.