ഇടുക്കി:തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്.കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായാണ് സൂചന.രണ്ടാനച്ഛന് കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചതായി അമ്മയും ഇളയ കുട്ടിയും പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.വടികൊണ്ട് കുട്ടിയുടെ തലയ്ക്കും കണ്ണിനും അടിച്ചതായി ഇളയകുട്ടി പറഞ്ഞു. രണ്ടാനച്ഛന് കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മയുടെ മൊഴിയില്‍ പറയുന്നു. ഇളയകുട്ടിക്കും മര്‍ദനമേറ്റിരുന്നു.കുട്ടിയുടെ മൊഴിയെടുത്തശേഷം അമ്മൂമ്മയോടൊപ്പം പോകാനനുവദിച്ചു.
യുവതിയുടെ ഭര്‍ത്താവ് പത്ത് മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു.അതിനു ശേഷം ഭര്‍ത്താവിന്റെ ബന്ധുവും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനെ ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു.ഇയാള്‍ സ്ഥിരമായി യുവതിയേയും കുട്ടികളേയും ഉപദ്രവിക്കാറുണ്ടായിരുന്നു.പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്.അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. ഇതേച്ചൊല്ലി കുട്ടിയെ രണ്ടാനച്ഛന് മര്‍ദിച്ചു.ഇതു കണ്ട മൂത്തക്കുട്ടി നിലവിളിച്ചപ്പോഴാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.തടയാന്‍ ചെന്ന അമ്മയേയും ഇയാള്‍ ഉപദ്രവിച്ചു.ഇയാള്‍ തങ്ങളെ മര്‍ദിക്കുന്ന വിവരം കുട്ടി മൂത്ത കുട്ടി സ്കൂളില്‍ പറഞ്ഞതും വൈരാഗ്യത്തിന് കാരണമായി.
അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്.