തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോണ്‍. ഇന്നലെ രാത്രി പതിനൊന്നരയോടെ സെക്രട്ടേറിയറ്റിനു സമീപം ഡ്രോണ്‍ കണ്ടതായി ഇതുവഴി കാറില്‍ പോയവര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ഡ്രോണ്‍ കണ്ടെത്താനായില്ല.
അതേസമയം ഡ്രോണുകള്‍,പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇതേക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുള്ളതായാണറിയുന്നത്.ഉടന്‍ മുന്‍ കരുതല്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും തുമ്പയിലും കോവളത്തുമുള്പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ ഡ്രോണ്‍ പറന്നതായി കണ്ടെത്തിയിരുന്നു. നിരീക്ഷണ ക്യാമറകള്‍ക്കും മുകളിലൂടെ പറന്നതിനാല്‍ മിക്ക ക്യാമറകളിലും ഡ്രോണിന്റെ ചിത്രം പതിഞ്ഞിരുന്നില്ല. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ നിരീക്ഷണ ക്യാമറയില്‍ മാത്രമാണ് ഡ്രോണ്‍ പതിഞ്ഞത്. വിദഗ്ദ്ധരുടെ സഹായത്തോടെ ഈ ദ്യശ്യങ്ങള്‍ പരിശോധിച്ച് ഇത് വിദേശനിര്‍മ്മിത കളിപ്പാട്ടമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.