ന്യൂഡല്‍ഹി:വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കും.വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ നിരാശരായിരുന്ന കോണ്‍ഗ്രസ് അണികളെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനം നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്നാണ് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏകെ ആന്റണി പറഞ്ഞത്.കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.രാഹുല്‍ ഗാന്ധിയുടെ വരവ് കേരളമൊട്ടുക്ക് തരംഗമാകുമെന്ന് ആന്റണി പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസി നേതൃത്വമാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്.ഒരാഴ്ച മുമ്പാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ നേതാക്കള്‍ സൂചന നല്‍കിയത്. തുടര്‍ന്ന് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണം തുടങ്ങിയ ടി.സിദ്ദിഖ് പിന്‍മാറുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതോടെ നേതാക്കളും പ്രവര്‍ത്തകരും നിരാശയിലായി. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ വരെ കഴിഞ്ഞദിവസങ്ങളില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് വിഷയത്തില്‍ പ്രതികരിച്ചത്. വയനാട്ടില്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്താനാവാതെ അണികളും ആശങ്കയിലായി.വയനാട്ടിലെ പ്രഖ്യാപനം വൈകുന്നതില്‍ മുസ്‌ലീം ലീഗ് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.ഒടുവില്‍ ആശങ്കകളെല്ലാം അസ്ഥാനത്താക്കി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ അത് കേരളമൊട്ടുക്കുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുന്നത്.