തിരുവനന്തപുരം: കള്ളക്കടത്തു പ്രതിയുടെ കാറില്‍ സഞ്ചരിച്ച് എന്തുതരം ജാഗ്രതാ യാത്രയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. ജനജാഗ്രതാ യാത്രയ്ക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.  
നാവെടുത്താല്‍ ആദര്‍ശം മാത്രം പറയുകയും അതേസമയം പിന്നിലൂടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കപട മുഖമാണ് കൊടുവള്ളിയില്‍ വീണ്ടും പുറത്ത് വന്നിരിക്കുന്നത്. ആരൊക്കെയായിട്ടാണ് സി.പി.എമ്മുകാര്‍ക്ക് കൂട്ടെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. 
കള്ളക്കടത്തു കേസിലെ പ്രതിയുടെ കാറാണെന്ന് അറിയാതെയാണ് അതില്‍ കയറി ജനജാഗ്രതാ യാത്ര നടത്തിയതെന്ന കോടിയേരിയുടെ വിശദീകരണം വിശ്വസനീയമല്ല. വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതിയാണ് ഫൈസലെന്ന് കൊടുവള്ളിയിലെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതറിഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ കാര്‍ പാര്‍ട്ടി കോടിയേരിക്ക് ഏര്‍പ്പാടാക്കി കൊടുത്തത്. സി.പി.എമ്മില്‍ ഇതൊന്നും പുതിയ കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.