ആലത്തൂര്‍:എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അധിക്ഷേപം വേദനിപ്പിച്ചുവെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്.ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ചോദിച്ചു.പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടത് മുന്നണി പ്രതിനിധിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറയുന്നു.
വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പരാതി നല്‍കുന്ന കാര്യത്തില്‍ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും രമ്യ പറഞ്ഞു.
അതേസമയം വിജയരാഘവന്റെ പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം.
രമ്യ കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവന്‍ മോശം പരാമര്‍ശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമര്‍ശം. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവന്‍ രമ്യ കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് മോശം ഭാഷയില്‍ പരാമര്‍ശിച്ചത്. സ്ഥാനാര്‍ത്ഥിയായ രമ്യയുടെ പേരു പറയാതെയായായിരുന്നു പരാമര്‍ശം.