തൃശൂര്‍:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ പരാതിയില്‍ തിരൂര്‍ ഡിവൈഎസ്പി അന്വേഷണം നടത്തും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ഇന്നലെയാണ് പ്രതിപക്ഷനേതാവ് പരാതി നല്‍കിയത്.മോശം പരാമര്‍ശം, സ്ത്രീത്വത്തെ അപമാനിച്ചു,ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ വകുപ്പ് പ്രകാരം ഉള്‍പ്പെടെ വിജയരാഘവനെതിരെ കേസെടുക്കണമെന്നാണ് രമേശ് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപി തൃശൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പരാതി കൈമാറുകയായിരുന്നു. വിജയരാഘവന് വിവാദപ്രസംഗം നടത്തിയ പൊന്നാനി തിരൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിാണ്.അതുകൊണ്ട് അന്വേഷണ ചുമതല തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന് രമ്യയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.