ന്യൂഡല്‍ഹി: രാജ്യത്തിനാകെ നാണക്കേടായി ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള സഞ്ചാരികളായ യുവാവും യുവതിയും ക്രൂരമായ ആക്രമണത്തിനിരയായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇന്ത്യയുടെ അഭിമാനസ്ഥലമായ ആഗ്രയിലുണ്ടായ ആക്രമണം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ, സംഭവത്തില്‍ ഇടപെട്ടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ക്വെന്റിന്‍ ജെറമി ക്ലാര്‍ക്ക് (24), കൂട്ടുകാരി മാരി ഡ്രോസ് (24) എന്നിവരെ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയില്‍ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. ക്ലാര്‍ക്കിന്റെ തലയോട്ടിക്കു പൊട്ടലുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും വടികൊണ്ടുള്ള ശക്തമായ അടിയേറ്റു കേള്‍വിശക്തിക്കു തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടതുകൈ ഒടിഞ്ഞ മാരി ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു.

സെപ്റ്റംബര്‍ 30ന് ആണ് ഇരുവരും ഇന്ത്യയിലെത്തിയത്. താജ് മഹല്‍ സന്ദര്‍ശിച്ചശേഷം കഴിഞ്ഞ ഞായറാഴ്ച ഫത്തേപ്പുര്‍ സിക്രിയിലെ റെയില്‍വേ സ്റ്റേഷനു സമീപം നില്‍ക്കുകയായിരുന്ന ഇവരെ അഞ്ചു യുവാക്കള്‍ ശല്യപ്പെടുത്തി. ഒപ്പംനിന്നു സെല്‍ഫിയെടുക്കണമെന്നു മാരിയോട് ആവശ്യപ്പെട്ട സംഘം പിന്നീട് ഇവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. നിലത്തുവീണപ്പോള്‍ വടിയും കല്ലും ഉപയോഗിച്ചു മര്‍ദിച്ചു. ‘അവര്‍ പറയുന്നതു ഞങ്ങള്‍ക്കു മനസ്സിലായില്ല. മാരിയെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചതു ഞാന്‍ എതിര്‍ത്തതാണ് ആക്രമണത്തില്‍ കലാശിച്ചത് ‘-ക്ലാര്‍ക്ക് പറഞ്ഞു. ആളുകള്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതല്ലാതെ സഹായത്തിനെത്തിയില്ല. യുപി-രാജസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നാണു പ്രതികള്‍ അറസ്റ്റിലായത്. അഞ്ചംഗ സംഘത്തിലെ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുപി സര്‍ക്കാരില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇരുവരെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥരോടു മന്ത്രി ആവശ്യപ്പെട്ടു. സംഭവം രാജ്യത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും അക്രമികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഊര്‍ജിത നടപടി സ്വീകരിക്കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെഴുതിയ കത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. വിദേശികള്‍ക്കെതിരായ ആക്രമണം ഇന്ത്യക്കാര്‍ക്കു നാണക്കേടാണെന്നു സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ബിജെപി വക്താവ് ശലഭ് മണി ത്രിപാഠി പ്രതികരിച്ചു.