ന്യൂഡല്‍ഹി: രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും രാജ്യത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും രാഹുലിനുണ്ടെന്നും ശിവസേന എംപി സഞ്ജയ് റൗട്ട്. പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജ്ഞയ് റൗട്ടിന്റെ പ്രതികരണം.
രാജ്യത്ത് മോദി തരംഗത്തിന്റെ തിളക്കം മങ്ങിയെന്നും ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വരാനാരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സജ്ഞയ് റൗട്ട് അഭിപ്രായപ്പെട്ടു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സജ്ഞയ് റൗട്ടിന്റെ പരാമര്‍ശം. സമൂഹമധ്യമങ്ങളിലൂടെ അദ്ദേഹത്തെ പപ്പു എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ശരിയല്ലെന്നും ശിവസേന നേതാവ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാണ് വോട്ടര്‍മാര്‍. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ആരെ വേണമെങ്കിലും ‘പപ്പു’ എന്ന് അഭിസംബോധന ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി മോദിക്കെതിരേയും ബിജെപിക്കെതിരേയും പരോക്ഷ പരിഹാസമുന്നയിച്ചു കൊണ്ടായിരുന്നു സജ്ഞയ് റൗട്ടിന്റെ പ്രതികരണം. മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് താവ്ഡയും ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു.