ന്യൂഡല്‍ഹി:ബിജെപി പ്രകടനപത്രിക ‘സങ്കല്‍പ് പത്ര്’ പുറത്തിറക്കി.വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ‘സങ്കല്‍പിത് ഭാരത് – സശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളുമായാണ് പ്രകടനപത്രികയിലൂടെ ബിജെപി വോട്ടര്‍മാരെ സമീപിക്കുന്നത്.ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
രാജ്യത്തിന്റെ വികസനത്തിനായി 50 പ്രധാന തീരുമാനങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷം സ്വീകരിച്ചതെന്ന് പറയുന്ന ബിജെപി പ്രകടനപത്രികയില്‍ എണ്ണിപ്പറയുന്നു.രാജ്യത്തെ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങള്‍ ചുവടെ:-

2020-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ച് നല്‍കും

അടുത്ത വര്‍ഷത്തോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.

ഗ്രാമീണ വികസനത്തിനായി 25 കോടി രൂപ വകയിരുത്തും

സൗഹൃദപരമായ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും.

എല്ലാ ഭൂരേഖകളും ഡിജിറ്റൈസ് ചെയ്യും

പൗരത്വബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കും. നടപ്പാക്കും.

60 വയസ്സിന് മുകളിലുള്ള എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധം

ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും.