തൃശൂര്‍:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പുയോഗത്തിനെത്തിയ കോണ്‍ഗ്രസ് നേതാവിന് കൂട്ടമര്‍ദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോണ്‍ഗ്രസ് കാട്ടൂര്‍ ബ്‌ളോക്ക് വൈസ് പ്രസിഡന്റുമായ ബിബിന്‍ തുടിയത്തിനാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിബിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിങ്ങാലക്കുട നടവരമ്പില്‍ കോളനി റോഡില്‍ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം കഴിഞ്ഞ് രാത്രി എട്ടരയോടെ കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് പത്തോളം പേര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിച്ചത്.ഐ ഗ്രൂപ്പ് നേതാവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.എസ് അനില്‍കുമാറിന്റെ ഓഫീസ് ജീവനക്കാരനായ അരുണ്‍ജിത്തിന്റെ നേതൃത്വത്തിലാണ് ബിബിനെ ആക്രമിച്ചതെന്നാണ് വിവരം.
തൃശൂരില്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിബിനെ വിദഗ്ദ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ഘടകത്തിലെ ഗ്രൂപ്പിസവും ചേരിതിരിവുമാണ് അക്രമത്തിലേക്കു വഴിവെച്ചതെന്നാണ് വിവരം.