കല്‍പറ്റ:അടുത്ത കാലത്തായി മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നു റിപ്പോര്‍ട്ട്.തെരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നന്നും വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ പ്രചരണം നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഉടന്‍ പേഴ്‌സണല്‍ ഗണമാന്‍മാരെ നിയമിക്കും. വനമേഖലയോടു ചേര്‍ന്ന് പ്രചരണത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പാടാക്കും.
ദിവസങ്ങള്‍ക്കു മുന്‍പ് വൈത്തിരിയിലെ റിസോര്‍ട്ടിനു സമീപം മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു.