കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസറ്റര്‍ പ്രചരണം നടത്തിയെന്നാരോപിച്ച് കര്‍ഷകകൂട്ടായ്മയ്‌ക്കെതിരെ കേസെടുത്തു.അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെയാണ് കസബ പൊലീസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ച ശേഷം ഐപിസി 151 പ്രകാരം കേസെടുത്ത് വിട്ടയക്കുകയായിരുന്നു.
നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി പോസ്റ്റര്‍ പ്രചാരണം നടത്തുന്ന കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ ഇന്നലെ പ്രധാനമന്ത്രി കോഴിക്കോട് എത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധിക്കാനെത്തിയത്.’മോദി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ’ എന്ന തലക്കെട്ടോടെ യുള്ള നോട്ടീസായിരുന്നു സംഘം വിതരണം ചെയ്തത്.
ആദ്യം പോസ്റ്റര്‍ പ്രചാരണം നടത്തിയ പ്രവര്‍ത്തകര്‍ തുടര്‍ന്ന് പൊതുയോഗം സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുപ്പതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് രാത്രി പന്ത്രണ്ടരയോടെയാണ് വിട്ടയച്ചത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ തീര്‍ത്തും സമാധാനപരമായും ജനാധിപത്യപരമായും ആശയ പ്രചരണം നടത്തിയ തങ്ങളെ ബലംപ്രയോഗിച്ചു പൊലീസുകാര്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് കര്‍ഷക സംഘടനാ പ്രവര്‍ത്തകന്‍ കെ.വി ബിജു പറഞ്ഞു.