ന്യൂഡല്‍ഹി:വിവി പാറ്റിലെ 50 ശതമാനം വോട്ടെങ്കിലും എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയിലേക്ക്.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.
ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചു വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.50 ശതമാനം വോട്ടുകള്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പരീക്ഷിച്ച ശേഷം നിരവധി രാജ്യങ്ങള്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയി.ഇ.വി.എമ്മുകള്‍ക്ക് വിശ്വാസ്യത കുറഞ്ഞ സാഹചര്യത്തില്‍ എന്ത് കൊണ്ട് നമുക്കും ബാലറ്റ് തിരികെക്കൊണ്ടു വന്നുകൂടാ എന്നും അത് പറ്റില്ലെങ്കില്‍ വിവിപാറ്റുകളിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.50 ശതമാനം വോട്ടുകള്‍ എണ്ണിയാല്‍ ആറ് ദിവസമെങ്കിലും എടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.ഇത് തെറ്റായ കാര്യമാണെന്നും പേപ്പര്‍ ബാലറ്റുകള്‍ എണ്ണുന്ന കാലത്ത് 24 മണിക്കൂറാണ് പൂര്‍ണ്ണ ഫലത്തിനായി കാത്തിരുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
മൂന്ന് സെക്കന്‍ഡ് മാത്രമാണ് വോട്ട് ചെയ്ത പാര്‍ട്ടിയുടെ ചെയ്ത ചിഹ്നം വിവി പാറ്റില്‍ കാണാനാകുന്നത്.ഇത് ഏഴ് സെക്കന്‍ഡെങ്കിലും ആക്കണമെന്നും വിവിപാറ്റിലെ 50 ശതമാനം വോട്ടുകള്‍ ഒത്തുനോക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പറഞ്ഞു.ആവശ്യപ്പെട്ടു.ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.