തിരുവനന്തപുരം:തുലാഭാരത്തിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരുക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനല്‍ കുമാര്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ ഇന്നു രാവിലെ തുലാഭാര നേര്‍ച്ചക്കിടെയായിരുന്നു അപകടമുണ്ടായത്. തുലാഭാരം നടത്തുന്ന ത്രാസിന്റെ കൊളുത്ത് പൊട്ടി തരൂരിന്റെ തലയിലേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.തരൂരിന്റെ തലയിലെ മുറിവില്‍ 11 തുന്നലുണ്ട്.
സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തു വന്നതിനു പിന്നാലെ വിശദീകരണവുമായി ക്ഷേത്രഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂര്‍ തുലാഭാരം നടത്തിയത്. നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്നും ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്‌തെന്നും ക്ഷേത്രം സെക്രട്ടറി ആര്‍ പി നായര്‍ പറഞ്ഞു.ഇതാണ് അപകടത്തിന് കാരണമായതെന്നാണ് വിശദീകരണം.