തിരുവനന്തപുരം:അമൃത ആശുപ്രതിയില്‍ ചികില്‍സയില്‍ കഴിയുന്ന പിഞ്ചു കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന കേരള ജനത ഈ ചെറുപ്പക്കാരനെയും ഹൃദയത്തോടു ചേര്‍ക്കും. മംഗലാപുരത്തുനിന്നും കുഞ്ഞിന്റെ ജീവനും കൈയില്‍ പിടിച്ചുള്ള ഓട്ടം അഞ്ചു മണിക്കൂറിനുള്ളില്‍ അമൃത ആശുപത്രിയില്‍ എത്തിനിന്നപ്പോള്‍ ഹസന്‍ ദേളി എന്ന 34 കാരന്‍ കേരളത്തിന്റെ പ്രിയപ്പെട്ടവനായി മാറുകയാണ്.കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശിയായ ഹസ്സന്‍ ദേളി മിന്നലോട്ടം നടത്തി താണ്ടിയത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്.
മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായാണ് കൊണ്ടുവന്നത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനു വേണ്ടി ആംബുലന്‍സ് മിഷന്‍ ഏറ്റെടുത്തത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ്.ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കുഞ്ഞിനെ കൊണ്ടുന്നത്.
ഉദുമ സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ ആംബുലന്‍സ് ദീര്‍ഘകാലമായി ഓടിക്കുന്ന ഹസന്റെ ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യമാണിത്.2017 ഡിസംബറില്‍ മംഗലാപുരത്തെ എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഹസന്‍ എത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് തളങ്കര സ്വദേശിയായ രോഗിയെ ഹസ്സന്‍ തിരുവനന്തപുരത്ത് എത്തിച്ചത് എട്ടേമുക്കാല്‍ മണിക്കൂറിനുള്ളിലാണ്.