തൂത്തുക്കുടി:ഡിഎംകെ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.തൂത്തുക്കുടിയില്‍ നിന്നാണ് കനി മൊഴി മല്‍സരിക്കുന്നത്.വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.അതേസമയം റെയ്ഡ് ബിജെപിയുടെ പകപോക്കലാണെന്ന് ഡിഎംകെ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്റെ പത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. കണക്കില്‍പ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാര്‍ത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണില്‍ നിന്ന് പിടിച്ചതിനെത്തുടര്‍ന്ന് വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡിഎംകെ നേതാക്കളെ ലക്ഷ്യംവെച്ചുള്ള റെയ്ഡ് നടക്കുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാന്‍ ഉപയോഗിക്കുകയാണെന്ന് ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന് ആരോപിച്ചു.ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര് രാജന്റെ വീട്ടില്‍ കോടികള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും അവിടെ റെയ്ഡ് എന്തുകൊണ്ട് നടത്തുന്നില്ലെന്നും സ്റ്റാലിന് ചോദിച്ചു.
ഏപ്രില്‍ 18-നാണ് തമിഴ്നാട്ടില്‍ പോളിംഗ്.ഇവിടുത്തെ പരസ്യപ്രചാരണവും അവസാനിച്ചുകഴിഞ്ഞു.