തിരുവനന്തപുരം: മുസ്ളീം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളക്കെതിരെ കേസെടുത്തു.ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്തത്.മതസ്പര്‍ദ്ധ വളര്‍ത്തല്‍,വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.സിപിഐ എം നേതാവ് വി ശിവന്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.
ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ശ്രീധരന്‍പിള്ള വിവാദ പ്രസ്താവന നടത്തിയത്. ബലാക്കോട്ട് ആക്രമണത്തില്‍ തെളിവുചോദിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് മറുപടിയായാണ് പരാമര്‍ശം.”ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്.ജീവന് നഷ്ടപ്പെടുത്തി വിജയം നേടുമ്പോള്‍ രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചുകിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നുമാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ,ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ’ എന്നായിരുന്നു ശ്രീധരന് പിള്ളയുടെ പ്രസംഗം.
ശ്രീധരന് പിള്ളക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.