തിരുവനന്തപുരം:അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ കേസെടുക്കുമെന്നും മറ്റും തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മറുപടിയുമായി പിണറായി വിജയന്‍.ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല. മറിച്ച് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് താന്‍ പറഞ്ഞതിന് ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തുകാണിക്കാനാകുമോ? മുമ്പ് കേരളത്തിനു പുറത്തുപോയി ഇത് പറഞ്ഞു, ഇപ്പോള്‍ കേരളത്തില്‍ വന്നും പറഞ്ഞു. കേരളത്തിനു പുറത്തുപറഞ്ഞാല്‍ അവിടെ ചിലരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത് ഉതകിയേക്കാം. കേരളീയര്‍ക്കാകെ സത്യം അറിയാമെന്നിരിക്കെ അവരുടെ മനസ്സില്‍ പ്രധാനമന്ത്രിയെക്കുറിച്ച് എന്തു ചിത്രമാണുണ്ടാകുക. ഇന്ത്യയില്‍ തന്നെ പലരംഗത്തും ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് പ്രധാനമന്ത്രി വഹിക്കുന്ന പദവിക്കു ചേര്‍ന്നതല്ലെന്നും പിണറായി വിമര്‍ശിച്ചു.

പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തിലെന്നല്ല രാജ്യത്താകെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബിജെപി അവകാശപ്പെടേണ്ടതില്ല. പൂജാകര്‍മങ്ങളെ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. വിശ്വാസികള്‍ക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്താന്‍ കഴിയുന്നുണ്ട്.അതിന് തടസ്സമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റഫേല്‍ കേസില്‍ ആരോപണവിധേയനായി നില്‍ക്കുന്ന വ്യക്തിയാണ് എന്നത് ശ്രദ്ധേയമാണെന്നും പിണറായി പറഞ്ഞു.

കേരളത്തിലുണ്ടായ പ്രളയത്തിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദി എന്ന് പ്രധാനമന്ത്രി പറയുന്നത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ജല കമ്മീഷന്‍ തന്നെ,അസാധാരണമായി ഉണ്ടായ പെരുമഴയാണ് പ്രളയത്തിനു കാരണമായത് എന്ന് വിലയിരുത്തിയിട്ടുള്ളത് അറിയാത്ത വ്യക്തി യല്ല പ്രധാനമന്ത്രി.എന്നിട്ടും ഇങ്ങനെ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണുള്ളത്. എന്നു മാത്രമല്ല, കേരളത്തിന് പ്രളയത്തെ മുന്‍നിര്‍ത്തി ലഭിക്കേണ്ട സഹായങ്ങളെല്ലാം നിഷേധിച്ചതിന്റെ പിന്നിലും ഇതേ താല്‍പര്യങ്ങളാണ് ഉള്ളത് എന്ന് ഇപ്പോള്‍ സംശയിക്കേണ്ടി വരികയാണ്.
ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയടക്കം 31,000 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായി വിലയിരുത്തിയതാണ്. മ ന്ത്രിമാരുടെ വിദേശയാത്ര മുടക്കി, വിദേശസഹായം സ്വീകരിക്കുന്നത് മുടക്കി<ഇത്രയേറെ ഗുരുതരമായ നില കേരളത്തിലുണ്ടായിട്ടും സഹായിക്കില്ല എന്ന നിലപാട് പകപോക്കലല്ലാതെ മറ്റെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.