മാനന്തവാടി:രാഷ്ട്രീയത്തിനുപരിയായി രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വവും കഴിവുകളും പറഞ്ഞ് വയനാട്ടില്‍ പ്രിയങ്കയുടെ തെരഞ്ഞെടുപ്പു പ്രചരണം. ജനിച്ച നാള്‍മുതല്‍ അറിയാവുന്ന ഒരാള്‍ക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നതെന്ന് മാനന്തവാടിയിലെ ജനങ്ങളോട് പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി വ്യക്തിപരമായ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് രാഹുല്‍ ഗാന്ധി നിലനില്‍ക്കുന്നത്.ആരെന്നും എന്തെന്നും അറിയാതെയാണ് അധിക്ഷേപിക്കുന്നത്.
‘രാഹുല്‍ എന്നേക്കാള്‍ രണ്ട് വയസ്സ് മൂത്തതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലും ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും എന്റെ കൈ പിടിച്ച് നിന്നവനാണ്. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ അനുഭവിച്ചതെല്ലാം തീവ്രമായ അനുഭവങ്ങളാണ്. ഞങ്ങള്‍ക്കിരുവര്‍ക്കും അമ്മ തന്നെയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാഹുലിന് 14 വയസ്സാണ്. നാലു പേരുള്ള ഒരു ചെറു കുടുംബത്തിന് എല്ലാം അതിജീവിക്കാനായത് ഞങ്ങള്‍ തമ്മിലുള്ള സ്നേഹ ബന്ധമാണ്’.പ്രിയങ്ക പറഞ്ഞു.
രാഹുലിന്റെ അറിവിനേയും കഴിവിനേയും തുറന്നുകാട്ടാന്‍ പ്രിയങ്ക മറന്നില്ല.ഫുട്ബോള്‍ കളിക്കും.വിമാനം പറത്തും,കരാട്ടെ ബ്ലാക്ക് ബെല്‍റ്റുമാണ്.ഇതിനെല്ലാമുപരി ഹിന്ദുത്വത്തിന്റെ സംരക്ഷകരെന്നു പറഞ്ഞു നടക്കുന്നവരേക്കാള്‍ ആഴത്തില്‍ വേദങ്ങളും ഉപനിഷത്തുക്കളും രാഹുല്‍ ഗ്രഹിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
വ്യക്തിപരമായ മികവുകള്‍ മറ്റൊരാള്‍ക്ക് മുന്നില്‍ പറയുന്നത് ഇഷ്ടപ്പെടാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്നും താനിങ്ങനെ പ്രസംഗിച്ചെന്നറിഞ്ഞാല്‍ ഇഷ്ടമാകില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.