പത്തനംതിട്ട:പത്തനംതിട്ടയില്‍ ശബരിമലയും ആചാരസംരക്ഷണവും തന്നെയാണ് വോട്ടാകുന്നതെന്ന് അവസാനവട്ട പ്രചരണത്തിലും വ്യക്തമാക്കി ബിജെപി.പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പത്തനംതിട്ടയിലെത്തി പറഞ്ഞത് കെ സുരേന്ദ്രന്‍ ബിജെപിയുടെ അല്ല,അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയാണെന്നാണ്.അതിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് എന്താണെന്ന് വ്യക്തമാകും.
പത്തനംതിട്ടയില്‍ കനത്ത മഴ കാരണം അമിത്ഷായുടെ പ്രസംഗം നീണ്ടുപോയില്ല.മഴ കാരണം റോഡ്‌ഷോയും ഒരു കിലോമീറ്ററായി വെട്ടിച്ചുരുക്കി. മഴയായിട്ടുപോലും പതിനായിരക്കണക്കിന് പ്രവത്തകര്‍ ആവേശപൂര്‍വ്വം റോഡ്‌ഷോയില്‍ പങ്കെടുത്തു.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധന്‍ പിള്ള, ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു. മഴ കാരണം പുതിയ ബസ്റ്റാന്റ് പരിസരത്തെ പൊതുയോഗത്തിലും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിലും അമിത്ഷാ പങ്കെടുത്തില്ല.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം പ്രചരണത്തില്‍ ബിജെപിക്ക് മേല്‍ക്കൈ നേടാനായതുകൊണ്ടു തന്നെ ശക്തമായ ത്രികോണ മല്‍സരമാണ് പത്തനംതിട്ടയില്‍ നടക്കുന്നത്. എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും വീറോടെ പ്രചരണം കൊഴുപ്പിക്കുകയാണ്.