മരട്:കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.ബസിലെ രണ്ട് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി.ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലട സര്‍വീസിന്റെ കൊച്ചി വൈറ്റിലയിലെ ഓഫീസില്‍ പോലീസ് പരിശോധന നടത്തുകയാണ്.കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്കു പോയ ബസില്‍ വെച്ചാണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്. ബസ് ചേര്‍ത്തലയില്‍വച്ച് തകരാറിലായി മണിക്കുറുകളോളം വഴിയില്‍ കിടന്നത് ചോദ്യം ചെയ്തതിനാണ് വൈറ്റിലയില്‍ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂര്‍ സ്വദേശിയെയും മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സില്‍ നിന്ന് ഇറക്കി വിട്ടു.തുടര്‍ന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.യാത്രക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ പറഞ്ഞു.നിയമം പാലിക്കാതെ സര്‍വ്വീസ് നടത്തുന്ന അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധന ആരംഭിക്കുമെന്നും ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ പറഞ്ഞു.