തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇത്തവണ വിധിയെഴുതിയത് റെക്കോഡ് പോളിങ്ങോടെ ഒടുവിലത്തെ വിവരം അനുസരിച്ച് 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്.എല്ലാ മണ്ഡലങ്ങളിലും ഇത്തവണ പോളിങ് 70 ശതമാനത്തിന് മുകളിലാണ്. കണ്ണൂര്‍ (82.26), മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. കുറവ് തിരുവനന്തപുരത്താണ് (73.37). വയനാട് (80.01) ശതമാനം പോളിങ് രേഖപ്പെടുത്തി.രാത്രി വൈകി വോട്ടിംഗ് അവസാനിച്ച ബൂത്തുകളിലെ കണക്കുകള്‍ കൂടി ക്രോഡീകരിച്ചാല്‍ മാത്രമേ അവസാന ശതമാനം പുറത്തു വരികയുള്ളൂ. നിലവിലെ കണക്കുകള്‍ പ്രകാരം 30 വര്‍ഷത്തിനിടയിലെ ഏറ്റവം ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. മെയ് 23നാണ് വോട്ടെണ്ണല്‍.
പലയിടത്തും മഴ പെയ്‌തെങ്കിലും രാവിലെ മുതല്‍ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. ആദ്യ അഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ പോളിങ് അമ്പത് ശതമാനം കഴിഞ്ഞിരുന്നു.പൊന്നാനി ഒഴികെ മലബാറിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 75 ശതമാനത്തിന് മുകളിലാണ്. കാസര്‍കോട്, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍ , മലപ്പുറം മണ്ഡലങ്ങളില്‍ 75 ശതമാനത്തിലേറെ പേര്‍ വോട്ടുചെയ്തു. വയനാട് മണ്ഡലത്തിലെ വയനാട് ജില്ലയില്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളില്‍ എണ്‍പത് ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി.ശക്തമായ ത്രികോണമല്‍സരം നടന്ന മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു.തിരുവനന്തപുരത്ത് 2014ലെ 68.69ല്‍ നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍ നിന്ന് 77.49 ആയും ഉയര്‍ന്നു.
പലയിടത്തും യന്ത്രം പണിമുടക്കിയതിനാല്‍ വൈകിട്ട് ആറിനു ശേഷവും നിരവധി ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. രാത്രി വൈകിയും ആലപ്പുഴ വടകര മണ്ഡലങ്ങളിലെ ബൂത്തുളില്‍ പോളിങ് തുടര്‍ന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും രണ്ട് ബൂത്തില്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ചെയ്ത വോട്ട് താമര ചിഹ്‌നത്തിലേക്ക് പോയെന്ന് പരാതിയുയര്‍ന്നിരുന്നു.