ബംഗളൂരു :കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് ബംഗളൂരു പോലീസ്.ഭീഷണി സന്ദേശം വിളിച്ചറിയിച്ച ബംഗളൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്.ഭീകരാക്രമണം നടക്കുമെന്ന് ആശങ്കയുള്ളതുകൊണ്ടാണ് പോലീസിനെ വിളിച്ചറിയിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ സുന്ദരമൂര്‍ത്തി പറഞ്ഞത്.
ഇന്നലെ വൈകീട്ടാണ് ഇയാള്‍ ബംഗളൂരു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീകരാക്രമണ ഭീഷണി അറിയിച്ചത്. ട്രെയിനുകളില്‍ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികള്‍ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു സന്ദേശം.ഫോണ്‍ നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
ശ്രീലങ്കയില്‍ നടന്ന് സ്ഫോടന പരമ്പരകള്‍ക്കു പിന്നാലെ ഭീഷണി സന്ദേശമെത്തിയതിനെത്തുടര്‍ന്ന് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രെയിനുകളിലെ സുരക്ഷയും വര്‍ധിപ്പിച്ചു.