കണ്ണൂര്‍:ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കളളവോട്ട് ചെയ്തതായി തെളിവുകള്‍ പുറത്ത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്കൂളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം.
ഒരേ സ്ത്രീ തന്നെ വേഷം പോലും മാറാതെ രണ്ടുതവണ വോട്ട് ചെയ്യുന്നതും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതുമുള്‍പ്പെടെ ആറുപേര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരുമണിക്കൂറിലേറെ കാത്തുനിന്ന് വോട്ട് ചെയ്യാനെത്തിയ യുവതിക്ക് വോട്ട് ചെയ്യാനായില്ല.അവരുടെ വോട്ട് മറ്റാരോ ചെയ്തു എന്ന് അറിയുന്നതും അവരെ പ്രിസൈഡിങ് ഓഫീസര്‍ സമാധാനിപ്പിച്ച് മാറ്റിനിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രാദേശിക സി.പി.എം നേതാക്കള്‍ ബൂത്തില്‍ നിന്ന് വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുന്നതും ദൃശ്യങ്ങളില്‍ക്കാണാം.
ജനപ്രതിനിധികള്‍,മുന്‍പഞ്ചായത്ത് അംഗങ്ങള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.