കൊച്ചി: ദിലീപിനെതിരെ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിര്‍ണായക യോഗവും ചേര്‍ന്നിരുന്നു. അടുത്ത മാസത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ തന്നെ കേസ് മാറ്റുന്ന കാര്യം അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.
നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നുവെന്നും ഇത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണക്കാക്കാമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. കുറ്റം ചെയ്തയാളും, കുറ്റം ചെയ്യാന്‍ നിര്‍ബന്ധിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്നും, അതിനാല്‍ ദിലീപ് ഒന്നാം പ്രതിയും,പള്‍സര്‍ സുനി രണ്ടാം പ്രതിയായേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘം നിര്‍ണായക യോഗം ചേര്‍ന്നിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു തൃശൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 23 ന് സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പിടിയിലാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ജൂലൈ പത്തിന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങുന്നത്.