മലപ്പുറം:കണ്ണൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന സിപിഎമ്മിന്റെ ആരോപണം തള്ളിയ കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ വിശദീകരണ റിപ്പോര്‍ട്ട് മുസ്ലീം ലീഗ് സംസ്ഥാന സമിതിയും അംഗീകരിച്ചു. ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
ആരോപിക്കപ്പെടുന്ന 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ലീഗ് ജില്ലാക്കമ്മറ്റി വ്യക്തമാക്കുന്നു.
കള്ളവോട്ട് ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പുറത്തുവന്ന ആഷിക് ഐഡന്റിറ്റി കാര്‍ഡ് മറന്നതിനെത്തുടര്‍ന്ന് ബൂത്തില്‍ നിന്നു ഇറങ്ങുന്നതും തിരികെ വന്നു വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കൂടാതെ രണ്ടിടത്ത് വോട്ട് ചെയ്യുന്നതായി ദൃശ്യത്തിലുള്ള മുഹമ്മദ് ഫായിസ്
ഇടത് അനുഭാവി ആണെന്നും നേതൃത്വം പറയുന്നു. കാസര്‍കോട്ടെ കള്ളവോട്ടിന്റെ ജാള്യത മറക്കാനാണ് ഈ ആരോപണങ്ങളെന്നും ലീഗ് പറഞ്ഞു.
കാസര്‍ഗോഡ് വേട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക് വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ തടസ്സപ്പെട്ടതിനെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ളീംലീഗ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.