കാസര്‍കോഡ്:കാസര്‍കോഡ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു.ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസും ആഷിഖും നാളെ രണ്ടു മണിക്ക് ഹാജരായി വിശദീകരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.
മുഹമ്മദ് ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്.ആഷിഖ് 69-ാം നമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായും സ്ഥിരീകരിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടികളെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. നേരിട്ട് ഹാജരായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കളക്ടര്‍ക്ക് അധികാരമുണ്ട്.
പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് ദൃശ്യങ്ങള്‍ സഹിതം സിപിഎം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.