കൊച്ചി:ചലച്ചിത്ര പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിന്.ഭര്‍ത്താവ് റോയ്സില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്കി.ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി . ഏപ്രില്‍ 12-ാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.എന്നാല്‍ ഈ വിവരം മാധ്യമങ്ങളും സിനിമാരംഗത്തുള്പ്പെടെയുള്ളവരും അറിഞ്ഞിരുന്നില്ല.ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.2008 ലാണ് റിമിയും റോയ്സും വിവാഹിതരായത്.11 വര്‍ഷത്തെ ദാമ്പത്യജീവിതം നയിച്ച ഇവര്‍ക്ക് കുട്ടികളില്ല.
2002 -ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ടു പാടിയാണ് റിമി പിന്നണിഗാനരംഗത്തേക്ക് ചുവടുവെച്ചത്.ഈ ഗാനം വലിയ ഹിറ്റായതോടെ റിമിയെത്തേടി അവസരങ്ങളെത്തി.പിന്നണി ഗായികയാവുന്നതിനു മുന്‍പു തന്നെ ചാനലുകളില്‍ അവതാരകയായിരുന്ന റിമി ആ രംഗത്തും തിളങ്ങി.പിന്നണി ഗായികയായതോടെ റിമി സ്റ്റേജ്ഷോകളിലെയും അഭിഭാജ്യഘടകമായി മാറി.എഴുപതോളം ചിത്രങ്ങളില്‍ പാടിയ റിമി ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി വേഷമിട്ടു.
മലയാള ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവുമധികം റേറ്റിംഗ് നേടിയ പരിപാടിയായിരുന്നു റിമി അവതാരകയായ ‘ഒന്നും ഒന്നും മൂന്ന്’.മഴവില്‍ മനോരമ ചാനലില്‍ രണ്ടു സീസണുകളിലും ഹിറ്റായ ഈ പരിപാടിക്കുശേഷം ഇപ്പോള്‍ മഴവില്‍ മനോരമയുടെ തന്നെ ‘പാടാം നമുക്ക് പാടാം’ എന്ന സംഗീത റിയാലിറ്റിഷോയുടെ വിധികര്‍ത്താക്കളിലൊരാളാണ് റിമി.ഏഷ്യാനെറ്റ് ചാനലിലെ ‘കോമഡി സ്റ്റാര്‍സ്’ എന്ന ഹാസ്യപരിപാടിയിലും റിമി വിധികര്‍ത്താവാണ്.നടി മുക്തയുടെ ഭര്‍ത്താവായ റിങ്കു ടോമി റിമിയുടെ സഹോദരനാണ്.
പ്രശസ്തിയോടൊപ്പം തന്നെ വിവാദങ്ങളും റിമിയെ പിന്തുടര്ന്നു.ഹവാലാ പണമിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ വന്നു.നടിയെ ആക്രമിച്ച കേസില്‍ ആദ്യം മുതല്‍ തന്നെ സംശയ നിഴലിലായി.എന്നാല്‍ ഏറെ അടുപ്പമുള്ള ദിലീപിനും കാവ്യാമാധവനുമെതിരായി മജിസ്ട്രേറ്റിന്റെ മുന്നില്‍ റിമി സാക്ഷി മൊഴി നല്‍കുകയും ചെയ്തു.