ദില്ലി:സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം ഫലം കണ്ടു. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്സികോ നല്കിയ കേസ് പിന്‍വലിച്ചു.കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായത്.
ലെയ്സ് ചിപ്സ് നിര്‍മ്മിക്കാനായി തങ്ങള്‍ വികസിപ്പിച്ചെടുത്ത ഉരുളക്കിഴങ്ങ് പേറ്റന്റ് ലംഘിച്ച് കൃഷി ചെയ്തതിനാണ് ഗുജറാത്തിലെ 4 കര്ഷകര്ഷകര്ക്കെതിരെ പെപ്സികോ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തത്.എഫ് സി5 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം തങ്ങള്‍ക്കാണെന്ന് കമ്പനി പറയുന്നു.അനുമതിയില്ലാതെ ഈ തരത്തിലുള്ള ഉരുളകിഴങ്ങ് കൃഷി ചെയ്തെന്നു കാണിച്ചാണ് കമ്പനി കര്‍ഷകര്‍ക്കെതിരെ തിരിഞ്ഞത്.
എന്നാല്‍ എന്തിലും ഇടപെടല്‍ നടത്തുന്ന സമൂഹ മാധ്യമങ്ങള്‍ വെറുതെയിരുന്നില്ല.കര്‍ഷകര്‍ക്കെതിരായ കുത്തക കമ്പനിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ലെയ്സ് സഹിതം പെപ്സിക്കോ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ക്യാമ്പയിന് തന്നെ നടക്കുകയായിരുന്നു.ഒടുവില്‍ പ്രതിഷേധം ശക്തമായതോടെ നില്‍ക്കക്കള്ളിയില്ലാതെ കേസ് പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതമാവുകയായിരുന്നു.