മലപ്പുറം:നടന്‍ മോഹന്‍ലാലിനെതിരെ ശോഭനാ ജോര്‍ജ്.ഖാദിബോര്‍ഡിനെതിരെ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത് പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്നതുപോലെയാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സനായ ശോഭന ജോര്‍ജ് വിമര്‍ശിച്ചു.
മോഹന്‍ലാല്‍ നടന്‍ മാത്രമല്ല,കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്തമുണ്ട്. നിരവധി പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാര്‍ഗം കൂടിയായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടത്. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയ ശേഷം മറുപടി നല്‍കുമെന്നും ശോഭന അറിയിച്ചു.
ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഖാദി ബോര്‍ഡ് മോഹന്‍ലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയച്ചു. ഇക്കാര്യം ശോഭന ജോര്‍ജ് പൊതുവേദിയില്‍ പരസ്യമായി പറയുകയും ചെയ്തു.ഇതാണ് മോഹന്‍ലാലിനെ പ്രകോപിപ്പിച്ചത്. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാ ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശോഭനയ്ക്കും ഖാദി ബോര്‍ഡിനും മോഹന്‍ലാല്‍ വക്കീല്‍നോട്ടീസ് അയയ്ക്കുകയായിരുന്നു.