തിരുവനന്തപുരം:കാസര്‍കോഡ് മുസ്‌ളീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മൂന്നു ലീഗ് പ്രവര്‍ത്തകര്‍ ഒന്നിലേറെത്തവണ വോട്ടു ചെയ്തതായി ടിക്കാറാം മീണ സ്ഥിരീകരിച്ചു. മൂന്നുപേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രസമ്മേളനം നടത്തി കള്ളവോട്ട് സ്ഥിരീകരിച്ചത്.

പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍ നാല് കള്ളവോട്ട് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. 67,70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ടിക്കാറാം മീണ പറഞ്ഞു.മുഹമ്മദ് ഫായിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തത്.മുഹമ്മദ് കെഎം സ്വന്തം വോട്ടടക്കം മൂന്ന് വോട്ടുകള്‍ ചെയ്തെന്നും സ്ഥിരീകരിച്ചു.ഇവര്‍ക്കെതിരെ ജനപ്രാധിനിധ്യ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതിന് കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.