തിരുവനന്തപുരം:എസ്എഫ്ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ച് കത്തെഴുതിവെച്ച ശേഷം ആത്മഹത്യക്കു ശ്രമിച്ച യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥിനി കേസില്‍ നിന്നും പിന്‍വാങ്ങുന്നു. ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി പോലീസില്‍
പറഞ്ഞു. സമരംകാരണം തുടര്‍ച്ചയായി ക്ലാസ്സുകള്‍ മുടങ്ങിയത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.പഠനം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയാത്തതിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനു നല്കിയ മൊഴി.കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ആത്മഹത്യാകുറിപ്പില്‍ എസ്.എഫ്.ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പൊലീസിന് നല്കിയ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല.കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കരഞ്ഞുപറഞ്ഞിട്ടും ക്ലാസില്‍ നിന്നും വിളിച്ചിറക്കി എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.പരീക്ഷയുടെ തലേ ദിവസം നേരത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തിയെന്നും ചീത്ത വിളിച്ചെന്നും പറയുന്നു. യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുമാണ് തന്റെ ആത്മഹത്യാശ്രമത്തിനു കാരണക്കാരെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.
അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന് സ്വമേധയാ കേസെടുത്തു.