കൊച്ചി:ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രണയജോഡികളായ പേളീ മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി.ചൊവ്വര പള്ളിയില്‍ മിന്നുകെട്ടിനു ശേഷം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു സല്‍ക്കാരച്ചടങ്ങുകള്‍.മെയ് 8ന് ശ്രീനിഷിന്റെ കുടുംബവീടായ പാലക്കാട് വെച്ച് ഹൈന്ദവാചാരപ്രകാരം വിവാഹച്ചടങ്ങുകള്‍ നടക്കും.
അവതാരകയും നടിയുമായ പേളീ മാണിയും ഏഷ്യാനെറ്റിലെ പ്രണയം എന്ന സീരിയലിലെ നായകകഥാപാത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരനായ ശ്രീനിഷ് അരവിന്ദും ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍വെച്ചാണ് കണ്ടുമുട്ടുന്നത്.നൂറു ദിവസം കഴിഞ്ഞ് ഷോയില്‍ നിന്നും പുറത്തുവന്നപ്പോള്‍ ഇരുവരും വിവാഹിതരാവാനുള്ള ഉറച്ച തീരുമാനമെടുത്തിരുന്നു.ഇവരുടെ പ്രണയം ഷോയില്‍ പിടിച്ചു നില്‍ക്കാനുള്ള ഗെയിമാണെന്ന് ബിഗ്‌ബോസിലെ മറ്റു മല്‍സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.ഒരു വിഭാഗം പ്രേക്ഷകരും അങ്ങനെ വിശ്വസിച്ചു.എന്നാല്‍ എല്ലാ പ്രചരണങ്ങളേയും തള്ളിക്കളഞ്ഞ് ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയും ഇരുകുടുംബങ്ങളും ഇവരുടെ ബന്ധത്തെ് അംഗീകരിക്കുകയുമായിരുന്നു.