ന്യൂഡല്‍ഹി:ദേശീയ പാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്നും കേരളത്തോട് വിവേചനം കാണിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു.ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ പ്രധാന വിഷയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ കേന്ദ്രത്തിന് കത്തയച്ചതിന്റെ തെളിവ് പുറത്തുവന്നതിനു പിന്നാലെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ദേശീയാപാതാ വികസനത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഗഡ്കരിക്ക് കത്തയച്ചിരുന്നു.